Friday, September 14, 2018

പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ ആഗസ്റ്റ് 17 മുതൽ 26 വരെ ഗവണ്‍മെന്റ് എച്ച്. എസ്.എസ് മണത്തല , ചാവക്കാട്

പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾ  ആഗസ്റ്റ് 17 മുതൽ 26 വരെ   ഗവണ്‍മെന്റ് എച്ച്. എസ്.എസ് മണത്തല , ചാവക്കാട്


.....................................................................
     2018 ആഗസ്റ്റ് കേരളത്തെ സംബന്ധിച്ച് അനിതരസാധാരണമായ ഒരു പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച മാസമാണ് .. പ്രളയപ്പെരുമഴയിൽ സർവവും നഷ്ടപ്പെട്ടുപോയ കേരളീയരുടെ ദുരവസ്ഥ കരളലിയിക്കുന്നതായിരുന്നു . ഐക്യത്തിൻറെയും അഖണ്‌ഡതയുടെയും പരസ്‌പരസഹകരണത്തിൻറെയും വിജയഗാഥകൾ മുഴക്കി പൂർവാധികം ഭംഗിയായി ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ .. എല്ലാവരെയും പോലെ മണത്തല എൻ. എസ് എസ് യൂണിറ്റും പങ്കാളികളായി ..ആഗസ്റ്റ് 16 വൈകുന്നേരം ആണ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചത്‌ .. ആഗസ്റ്റ് 17 മുതൽ മുഴുവൻ സമയസപ്പോർട്ടുമായി എൻ. എസ്‌ എസ്‌ കുട്ടികൾ. സ്കൂളിൽ ഉണ്ടായിരുന്നു .. പി.ടി എ യുടെയും പ്രദേശവാസികളുടെയും ചാവക്കാട് നഗരസഭയുടെയും സമയോചിതവും നിർലോഭവും പ്രശംസനീയവുമായ ഇടപെടലുകൾ മൂലം ക്യാമ്പിനാവശ്യമായ ഭൗതികസാഹചര്യങ്ങൾക്കോ അവശ്യവസ്‌തുക്കൾക്കോ ക്ഷാമമുണ്ടായിരുന്നില്ല ... എങ്കിൽപ്പോലും ചെറിയതോതിലുള്ള അവശ്യവസ്‌തുസമാഹരണവും വിതരണവും നടത്തി . സമാഹരിച്ച വസ്‌തുക്കൾ കൗണ്ടറിൽ ഏൽപ്പിക്കൽ ,വിതരണം എന്നിവയിൽ സഹകരിക്കാൻ കഴിഞ്ഞു .. കൂടാതെ എല്ലാദിവസവും ഭക്ഷണസാധനങ്ങളുണ്ടാക്കുന്നതിലും വിതരണത്തിലും കുട്ടികൾ. സഹകരിച്ചു ..മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ തുടങ്ങി മനുഷ്യവിഭവശേഷി ആവശ്യമായ എല്ലാ രംഗത്തും കുട്ടികൾ. സജീവപ്രവർത്തനം കാഴ്‌ചവച്ചു . നിസ്വാർത്ഥസേവനങ്ങളിൽ സ്ഥിരം പങ്കാളികൾ ആയിരുന്ന - ഫോട്ടോയെടുക്കാന്‍ താത്പര്യമില്ല എന്നു പ്രഖ്യാപിച്ച് പ്രവർത്തിച്ച അഷിൻ  ശ്രീധറിനെയും ജഗനെയും മാതൃകാപ്രവർത്തകരായി തെരഞ്ഞെടുത്ത് അസംബ്ലിയിൽ പ്രിൻസിപ്പാൾ അനുമോദിച്ചു ..പ്രളയത്തിലകപ്പെട്ട കുട്ടികൾ. 18 പേർ ഹൈസ്കൂളിലും 3 പേർ ഹയർസെക്കൻഡറിയിലുമുണ്ട് ..അവർക്കാവശ്യമായ നോട്ടുബുക്കുകളും പഠനോപകരണങ്ങളും നൽകി .. ജില്ലാതല നോട്ട്ബുക്ക് ക്യാംപെയിനിലേക്കുള്ള നോട്ട്ബുക്കുകളും പാലിശ്ശേരി സ്കൂളിൽ എത്തിക്കുന്നുണ്ട്. ഏത് ദുരന്തത്തിനെയും സമചിത്തതയോടെ, സഹകരണത്തോടെ നേരിടാന്‍ ആകുമെന്ന വലിയ ജീവിതപാഠമാണ് 2018 ആഗസ്റ്റ് കുട്ടികളെ പഠിപ്പിച്ചത് ..! എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഒറ്റക്കെട്ടായി .. ഒരുമിച്ചിരുന്ന്‌.. കണ്ണീരൊഴുക്കിയ കണ്ണീരൊപ്പിയ ഐക്യജീവിതത്തിൻറെ നേർക്കാഴ്ച ... ! വാക്കുകൾക്കപ്പുറമുള്ള അനുഭവപാഠം !!

No comments:

Post a Comment